Thursday, September 16, 2010

Bookmark and Share

കല്യാണസദ്യ ഉണ്ണുന്നവര്‍ക്കൊരു ശുഭവാര്‍ത്ത.

ഒരു സായാഹ്നത്തില്‍ കോഴിക്കോട്ടു ബസ് സ്ടാന്റില്‍ നില്‍ക്കുമ്പോള്‍, എന്റെ തോളിലൊരു കരസ്പര്‍ശം. തിരിഞ്ഞു നോക്കിയതും, ഞാന്‍ ചെറുതായിട്ടൊന്നു ഞെട്ടി. സേവിച്ചേട്ടന്റെ പൂര്‍ണകായ രൂപം എന്റെ മുന്‍പില്‍. സേവിച്ചെട്ടനെക്കുറിച്ച് ഞാന്‍ ചെറിയൊരു വിവരണം തരുമ്പോള്‍, ഞാന്‍ ഞെട്ടിയതിന്റെ കാര്യ കാരണങ്ങള്‍ വായനക്കാര്‍ക്ക് മനസ്സിലാകും:- സാമാന്യം ജീവിക്കാനുള്ള ചുറ്റുപാടും, കാഴ്ചക്ക് യോഗ്യനും, Commanding power ഉം ഒക്കെയുള്ള സേവിച്ചേട്ടന്, മറ്റു ചില സ്വഭാവ സവിശേഷതകള്‍ കൂടിയുണ്ട്. "Touching is an art"എന്നതാണ് ഇദ്ദേഹത്തിന്റെ ആപ്തവാക്യം. എന്നു വച്ചാല്‍, ആരാന്റെ ചിലവില്‍ നിത്യവും വിലകൂടിയ മദ്യസേവ നടത്തുക, നല്ല ഭക്ഷണം കഴിക്കുക, വില്‍സ് സിഗരറ്റ് മാത്രം മതി. സ്വന്തം പണം മുടക്കേണ്ട സാഹചര്യങ്ങളില്‍, ഇദ്ദേഹം നാടന്‍ ചാരായവും കട്ടന്‍ ബീഡിയും ഉപയോഗിക്കുമെന്ന് വിരോധികള്‍ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ഞങ്ങള്‍ സ്വന്തക്കാരാണ്. അതുകൊണ്ട് തന്നെ ഒരൊളിച്ചോട്ടം എനിക്ക് അസാദ്ധ്യം.

എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍? പുതിയ വണ്ടിയൊക്കെ എടുത്തെന്ന് കേട്ടല്ലോ?എന്തിയെ വണ്ടി?" തുടര്‍ച്ചയായ മൂന്നു ചോദ്യങ്ങള്‍ സേവിച്ചെട്ടന്‍ എന്റെ നേര്‍ക്ക്‌ തൊടുത്തു വിട്ടു. "ഇത്രയും ദൂരം ജീപ്പോടിക്കാനുള്ള മടി കാരണം, ഞാന്‍ ബസ്സിലാണ് പോന്നത്." ഞാന്‍ പറഞ്ഞു. "എന്നാല്‍പ്പിന്നെ നമുക്കല്‍പ്പം ഭക്ഷണം കഴിച്ചിട്ട് പോകാം അല്ലെ?" എന്നു ചോദിച്ചിട്ട്, എന്റെ അഭിപ്രായം പോലും ചോദിക്കാതെ എന്റെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു. "ഏതായാലും എന്റെ കാര്യം ഇന്ന് കട്ടപ്പൊക"എന്നു മനസ്സില്‍ കരുതി ഞാനും കൂടെ നടന്നു. താമസിയാതെ ഞങ്ങള്‍ ശാസ്താപുരി എന്ന സ്റ്റാര്‍ ഹോട്ടലില്‍ എത്തി. സേവിച്ചേട്ടന് അവിടെ എല്ലാവരെയും നല്ല പരിചയമാണ്. സപ്ലയര്‍ വന്നു ഭവ്യതയോടെ മെനു കയ്യില്‍ തന്നു. "എനിക്ക് നിന്റെ ഈ കോപ്പൊന്നും വേണ്ട. തിന്നാന്‍ ഇവിടെയെന്താ ഉള്ളതെന്ന് പറ." ആ ഹാളിലുള്ള എല്ലാവരും കേള്‍ക്കാന്‍ തക്ക ഉച്ചത്തില്‍ സേവിച്ചേട്ടന്‍പറഞ്ഞു. ഞാന്‍ നേരത്തെ പറയാന്‍ വിട്ടു പോയ ഒരു കാര്യം കൂടിയുണ്ട്, ഇദ്ദേഹം തമാശും കാര്യങ്ങളും മാത്രമല്ല, കാശ് കടം ചോദിക്കുന്നത് പോലും, നാലാള്‍ കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരിക്കും. ഹോട്ടലിലെ കലവറ യിലുള്ള, വെന്തു വേവിച്ച സകല സാധനങ്ങളുടെയും പേരുവിവരങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍, "എനിക്കൊരു ചപ്പാത്തിയും ഒരു തന്തൂരി ചിക്കനും" എന്നും പറഞ്ഞിട്ട്, "നിനക്കെന്താ വേണ്ടതെങ്കില്‍ നീ പറഞ്ഞോ,
ഇന്നത്തെ ചെലവ്, നീ ജീപ്പ് മേടിച്ച വകയിലിരിക്കട്ടെ."എന്നു എന്നോടും പറഞ്ഞു. ഞാന്‍ എനിക്ക് രണ്ടു പൊറാട്ടയും കോഴിക്കറിയും പറഞ്ഞു വച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭക്ഷണ സാധങ്ങള്‍ മേശപ്പുറത്തു നിരന്നു. തന്തൂരി ചിക്കന്‍ മാത്രം വരാന്‍ അല്‍പ്പം വൈകി. കിട്ടിയ അവസരത്തിന് സേവിച്ചേട്ടന്‍ എന്റെ കോഴിക്കറിയുടെ രുചി ഒന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. അബദ്ധത്തില്‍ എനിക്ക് വല്ല ഭക്ഷ്യ വിഷ ബാധയും ഉണ്ടായാലോ എന്നു പുള്ളിക്കാരന്‍ കരുതിയിട്ടുണ്ടാകണം.


"നമുക്ക് വല്ലതും കഴിക്കേണ്ടെ?"ഭക്ഷണം കഴിക്കുന്നതിനിടെക്കുള്ള ചോദ്യം എനിക്ക് മനസ്സിലായില്ല. "എടാ ഒരു സ്മോളടിക്കണ്ടേ എന്നാ നിന്നോട് ചോദിച്ചത്." എന്നും പറഞ്ഞു ചേട്ടന്‍ ഹോട്ടല്‍ ബോയിയെ വിളിച്ചു. എന്റെ അഭിപ്രായം ആരു ചോദിക്കാന്‍? "എടാ ഇവിടെ സീസര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ടെടുത്തോ." പയ്യന്‍ വന്നയുടനെ സേവിച്ചേട്ടന്‍ പറഞ്ഞു. എനിക്ക് സത്യത്തില്‍ സ്റ്റേഷന്‍കിട്ടിയില്ല.
"ആരാ ചേട്ടാ ഈ സീസര്‍?"ഞാന്‍ ചോദിച്ചു.
"അപ്പോള്‍ നിനക്കിതൊന്നും അറിയില്ല അല്ലേ? ആണുങ്ങള്‍ കുടിക്കുന്ന ബ്രാണ്ടിയുടെ പേരാ അത്. വല്ല്യ വിലയൊന്നുമില്ല ,അഞ്ഞൂറ്റി ചില്ല്വാനം രൂപയോ മറ്റോ ഉള്ളു. ഞാന്‍ സാധാരണ അതാ കഴിക്കാറ് " (ഇരുപതു കൊല്ലം മുന്‍പാണ് സംഭവം. അന്നത്തെ അഞ്ഞൂറിന്റെ വില ചിന്തിച്ചാല്‍ മതിയല്ലോ.) സാധനം, സോഡയുടെ അകമ്പടിയോടു കൂടി എത്തിയപ്പോള്‍, ഞാന്‍ കുപ്പി കയ്യില്‍ വാങ്ങിയിട്ട്, അതിന്റെ ലേബല്‍ വായിച്ചു നോക്കി. എന്റെ എളിയ വിദ്യാഭ്യാസം വച്ചു ഞാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും, സീസര്‍ എന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വായിച്ചതു കൈസര്‍ എന്നായിരുന്നു. പോരെ പൊടി പൂരം!
"എടാ --മോനെ കൈസര്‍ എന്ന് എന്റെ പട്ടിക്കിട്ട പേരാ. നിനക്ക് വേണേല്‍ കഴിച്ചാല്‍ മതി, കളിയാക്കല്‍ എന്നോട് വേണ്ടാ...മനസ്സിലായോ നിനക്ക്?എന്തെഴുതി എന്ന് നീ വല്യ ഗവേഷണം ഒന്നും നടത്തേണ്ട. തല്‍ക്കാലം നീ സീസര്‍ എന്ന് വായിച്ചാല്‍ മതി." "ഇയാളെന്താ ബ്രാണ്ടിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആണോ?" ഞാന്‍ ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. സേവിച്ചേട്ടന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ട് ആള്‍ക്കാരെല്ലാം ഞങ്ങളെ മാത്രം നോക്കാന്‍ തുടങ്ങി. അത് മൈന്റു ചെയ്യാതെ പുള്ളിക്കാരന്‍, എന്നോട് കുപ്പി പിടിച്ചു വാങ്ങിയിട്ട്, കുപ്പിയുടെ അടപ്പിന് മുകളില്‍ അആഞ്ഞൊരു അടിയും, പിന്നൊരു തിരിക്കലും കൊടുത്ത്, രണ്ടു ഗ്ലാസ്സുകളിലേക്ക് ബ്രാണ്ടി ഒഴിച്ചു. രണ്ടുപേരും കൂടി അര മണിക്കൂര്‍ കൊണ്ട്, കുപ്പിയും പാത്രങ്ങളും എല്ലാം കാലിയാക്കി. വീണ്ടും സപ്ലയറെ വിളിച്ചു. "എടാ നിങ്ങളുടെ തന്തൂരിചിക്കന്‍ തീരെ ശരിയായില്ല, ചപ്പാത്തിയും ശരിയായില്ല. പണ്ടാരിക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ നിന്റെ മുതലാളിയോട് പറ. ഇപ്പോള്‍ നീ പോയിട്ട്, ഒരു ഹാഫ് ചിക്കന്‍ 65 കൊണ്ടുവാ. ഒരു പൊറോട്ടയും കൂടി എടുത്തോ.' എന്ന് പറഞ്ഞു സേവിച്ചേട്ടന്‍.

"എടാ നാളെ എന്റെ പെങ്ങളുടെ മകളുടെ കല്യാണമാ. നിന്നേം വിളിചിട്ടില്ലേ?"
"ഉണ്ട്."
"നന്നായി. നമുക്കൊന്നിച്ച്‌ പോകാം. കല്യാണത്തിനു ബിരിയാണി ആണെന്നാ കേട്ടത്. നീ എത്ര ബിരിയാണി കഴിക്കും?"
"ഒരു..ഒന്നോ ഒന്നരയോ."
"ഛെ, ഛെ, മോശം, മോശം . ഒരു കല്യാണത്തിനു പോയാല്‍, കുറഞ്ഞത്‌ രണ്ടു ബിരിയാണിയും, നാലഞ്ചു ബിരിയാണിയുടെ പീസും എങ്കിലും കഴിക്കണം. അല്ലാതെ ചുമ്മാ മനുഷ്യനെ മെനക്കെടുത്താന്‍ എന്തിനാ കല്യാണത്തിന് പോണേ?"സേവിച്ചേട്ടന്‍ വാചാലനായി. "നിനക്ക് ഞാനൊരു കോച്ചിംഗ് തരാം. കല്യാണത്തിനു പോകുന്ന അന്ന് രാവിലെ ഒന്‍പതു മണിയാകുമ്പോള്‍ ഒരു ലാര്‍ജ് അടിക്കണം, എന്നിട്ട് ഒരു പത്ത് മണിയോട് കൂടി, ഒരു സിംഗിള്‍ പൊറോട്ട (വേണമെങ്കില്‍ അല്‍പ്പം ചാറ് കൂട്ടാം.)കഴിക്കണം, എന്നിട്ട് പന്ത്രണ്ടു മണിയോട് കൂടി, വീണ്ടും ഒരു ലാര്‍ജടിച്ചു കൊണ്ട് കല്യാണത്തിനു പോകുക."
"ഇതൊക്കെ എന്തിനാണ്?"ഞാന്‍.
"ഇങ്ങനെ ചെയ്താലേ ഉള്ള വിശപ്പ്‌ ആളിക്കത്തുക ഉള്ളു. പിന്നെ എത്ര തിന്നാലും മതിയാകില്ല. നാളെ രാവിലെ നീ കല്യാണത്തിന് വന്നേരെ. വേണ്ട സാമഗ്രികള്‍ ഞാന്‍ കൊണ്ട് വന്നോളാം." ചേട്ടന്‍ പറഞ്ഞ്‌ നിര്‍ത്തി.
അങ്ങനെ പറഞ്ഞുറപ്പിച്ചു ഞങ്ങള്‍ പിരിഞ്ഞു. കൂട്ടത്തില്‍, എന്റെ ഒരു ആയിരത്തി അഞ്ഞൂറ് ആ വകയില്‍ (വണ്ടി വാങ്ങിയതിന്റെ ചിലവിലേക്ക്‌ )നടന്നു കിട്ടി.
പിറ്റേ ദിവസം .ഒന്‍പതു മണിക്ക് തന്നെ ഞങ്ങള്‍ സംഘടിച്ചു. "ഞാനൊരു എരണം കെട്ടോനെ പറഞ്ഞ്‌ ഏല്‍പ്പിച്ചതായിരുന്നു. ഇതേ അവന്‍ കൊണ്ടുവന്നുള്ള്."എന്നും പറഞ്ഞ്‌ കൊണ്ട് ഒരു പൈന്റ് OCR. അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. അതിന്റെ കാര്യം, തലേ ദിവസം തീരുമാനിച്ച മാതിരി ഞങ്ങള്‍ പൂര്‍ത്തിയാക്കി, കല്യാണപ്പന്തലില്‍ ചെന്ന് സീറ്റ് പിടിച്ചു. "ഞാന്‍ ചെയ്യുന്ന പോലെ ചെയ്തോണം. വേണേല്‍ കണ്ടു പഠിച്ചോ."സദ്യ വിളമ്പി ത്തുടങ്ങിയപ്പോള്‍ എന്നെ ഉപദേശിക്കാന്‍ മറന്നില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ മുന്‍പില്‍ ഓരോ ചിക്കന്‍ ബിരിയാണി എത്തി, ഇടത്തോട്ടും വലത്തോട്ടും നോക്കിയിട്ട്,(അത് മനുഷ്യന്റെ ഉല്‍പ്പത്തി മുതലുള്ള ഒരു നല്ല സ്വഭാവമാണ് -ആരാന്റെ ഇലയിലെ അളവ് നോക്കുക) ഞങ്ങള്‍ കഴിച്ചു തുടങ്ങി. സേവിച്ചേട്ടന്‍ ആദ്യംതന്നെ, ചിക്കന്‍ പീസുകള്‍ പെറുക്കിത്തിന്നു കഴിഞ്ഞു. എന്നിട്ട് വിളമ്പു കാരോട് വീണ്ടും പീസിന്റെ ആവശ്യം ഉന്നയിച്ചു. പീസ് വിളമ്പു ന്നതിനിടെ "രണ്ടെണ്ണം കൂടുതല്‍ ഇടെടാ ഉവ്വേ"എന്നും പറഞ്ഞു.
രണ്ടു മൂന്നു പ്രാവശ്യം പീസ് വിളമ്പി യതിനു ശേഷം, പീസുകാരന്‍ ഞങ്ങളെ മൈന്റു ചെയ്തില്ല. സേവിച്ചേട്ടന്‍ ദേഷ്യം കൊണ്ട് വിറച്ചു. "ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല" എന്നും പറഞ്ഞു കൊണ്ട് എഴുന്നേറ്റുനിന്ന് നാല് പാടും നോക്കി. എന്നിട്ട്, "ചുമ്മാതൊന്നുമല്ല, അഞ്ചു ലക്ഷം രൂപയും, നല്ല പൂവന്‍പഴം പോലെയുള്ള, ഒരു പവന്‍ മാറ്റ് കിളുന്നു പെണ്ണിനേയും ഞങ്ങള്‍ കെട്ടിച്ചു തരുന്നുണ്ടല്ലോ? പിന്നെ നിങ്ങക്കെന്താടാ പീസ് വിളമ്പാന്‍ ഒരു മടി?"ചേട്ടന്‍ ഉച്ചത്തില്‍ പറഞ്ഞു. ഇത് കേട്ട് പന്തലിലുണ്ടായിരുന്ന സകലരും ഞങ്ങളെ നോക്കി. വരന്റെ അച്ഛന്‍ പീസ് വിളമ്പുന്നവനെയും കൂട്ടി ഞങ്ങളുടെ മേശക്കരുകില്‍ വന്നിട്ട്, "ഈ ചേട്ടന് ആവശ്യത്തിനുള്ള പീസ് കൊടുത്തിട്ടു മാത്രം നീ ഇവിടുന്നു മാറിയാല്‍ മതി, മനസ്സിലായോ?"എന്നും പറഞ്ഞു തിരിച്ചു പോയി.

വിളമ്പുകാരന്‍ മിനക്കെട്ടു വിളമ്പാനും, സേവിച്ചേട്ടന്‍ കഷ്ട്ടപ്പെട്ടു തിന്നാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും, ചേട്ടന്‍ വിഷമത്തിലായി. പീസ്‌ കഴുത്തിനു താഴോട്ട് ഇറങ്ങുന്നതിനനുസരിച്ചു ചേട്ടന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു കൊണ്ടിരുന്നു. മതിയെന്ന് പറയാന്‍ ആത്മാഭിമാനം അനുവദിച്ചില്ല. അവിടുന്ന് രക്ഷപെടാന്‍ ഒരു വഴിയും കാണാതെ വിഷമിച്ചിരിക്കുംപോള്‍, ഭാഗ്യദേവത സേവിച്ചെട്ടന്റെ ജേഷ്ടന്റെ രൂപത്തില്‍ വന്നു തുണയായി.

മാതാ പിതാക്കള്‍ നല്ല കൃഷിക്കാര്‍ ആയിരുന്നതുകൊണ്ടും, അന്നത്തെക്കാലത്ത്‌ കുടുംബാസൂത്രണം പ്രാബല്യത്തില്‍ ഇല്ലാതിരുന്നത് കൊണ്ടും, സേവിച്ചേട്ടന്‍ പതിനാറു മക്കളില്‍ ഒരാളായിട്ടാണ് ജനിച്ചത്‌. സേവിച്ചെട്ടന്റെ ജേഷ്ടന്മാര്‍ പലരും തിരുവതാംകൂറില്‍ നിന്ന്, പ്രസ്തുത കല്യാണത്തിനു വന്നിട്ടുണ്ടായിരുന്നു. ദീര്‍ഘ യാത്രയുടെ ക്ഷീണം മൂലമോ മാര്‍ഗ്ര്‍ഗൂ ആയിരിക്കണം, മൂത്ത ജേഷ്ടന്‍ ബോധംകെട്ടു പന്തലില്‍ വീണു. ആ വീഴ്ചയാണ് സേവിച്ചേട്ടന് തുണയായത്.

"എടാ, എന്റെ ജേഷ്ടന്‍ വീണു! അയ്യോ രക്ഷിക്കണേ!! എന്റെ ജേഷ്ടന്‍ വീണേ!!! രക്ഷിക്കണേ" എന്നും നിലവിളിച്ചുകൊണ്ട് സേവിച്ചേട്ടന്‍ എഴുന്നേറ്റ് ഓടി. തൊട്ടു പിറകെ ഞാനും. ഞങ്ങള്‍ രണ്ടു പേരും, മറ്റുള്ള രണ്ടു പേരും കൂടി, ജേഷ്ടനെ എടുത്തു കൊണ്ട്, പന്തലിന്റെ പുറത്തേക്കോടി. അദ്ദേഹത്തെ അടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ സേവിച്ചേട്ടന്റെ മാനം കപ്പലു കയറാതെ രക്ഷപെട്ടു. അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.





Sunday, September 12, 2010

Bookmark and Share

നായാട്ടു നിരോധിച്ചിട്ടില്ല.

മലബാറിലെ ആദ്യ കുടിയേറ്റ കാലം. ഞങ്ങളടക്കം ആറേഴു വീട്ടുകാര്‍ അന്നവിടെ താമസമുണ്ട്. എല്ലാവരുടെയും കൃഷി സ്ഥലത്തിന്റെ മുകള്‍ ഭാഗം വനമാണ്. ഇഷ്ട്ടംപോലെ കാട്ടുമൃഗങ്ങള്‍. കൃഷിയിടങ്ങളില്‍ കാട്ടാന ഒരു നിത്യ സന്ദര്‍ശകനാണ്. കാട്ടാനകള്‍ കൃഷി നശിപ്പിക്കാറണ്ടായിരുന്നു, ഒരിക്കലും ആള്‍ക്കാരെ ഉപദ്രവിച്ചില്ല. മുളകൊണ്ടൊരു വീടുണ്ടാക്കി, പുല്ലുകൊണ്ട് മേല്‍ക്കൂരയും. അതായിരുന്നു എല്ലാവരുടെയും വീട്.

ഞങ്ങളുടെ അയല്‍വാസിയായ കുഞ്ഞേട്ടന്റെ വീട് ചരിഞ്ഞ സ്ഥലത്തായിരുന്നു. അതുകൊണ്ട്, വീടിനായിട്ടു മണ്ണ് നിരത്തിയപ്പോള്‍, വീടിനു പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ ഒരു തിട്ട രൂപപ്പെട്ടിരുന്നു. യാദൃശ്ചികമായി ഒരു ദിവസം രാവിലെ പറമ്പിലേക്ക് കയറിയപ്പോള്‍, ഒരു അസാധാരണ കാഴ്ച കണ്ടു. വീടിനു പിന്നിലുള്ള തിട്ടയുടെ മുകളില്‍, തലേ ദിവസം താന്‍ മൂത്രമൊഴിച്ച സ്ഥലത്ത്, ഏകദേശം ആറിഞ്ചു താഴ്ചയും വ്യാസവുമുള്ള ഒരു കുഴി. എത്ര തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരു പിടീം കിട്ടിയില്ല. വൈകുന്നേരം, സ്ഥല വാസിയും നായാട്ടുകാരനുമായ തോമ്മാച്ചേട്ടനെ കണ്ടപ്പോള്‍ കാര്യം അവതരിപ്പിച്ചു. അന്ന് സര്‍ക്കാര്‍ നായാട്ടു നിരോധിച്ചിട്ടില്ല.

"മണ്ടച്ചാരെ, അത് മ്ലാവാണ്'(മലബാറില്‍ ഇതിനെ മലാന്‍ എന്നാണ് പറയുന്നത്)തോമ്മാച്ചേട്ടന്‍ പറഞ്ഞു. "ബുദ്ധിപൂര്‍വ മുള്ള നീക്കം കൊണ്ട് നമുക്കവനെ പിടിക്കാം." എങ്ങനെ?" കുഞ്ഞേട്ടന്‍ ചോദിച്ചു. "താനൊരു കാര്യം ചെയ്യ്, രണ്ട് മൂന്നു ദിവസം വൈകുന്നേരം, കുറച്ച് ഉപ്പും ചാരവും കൂടി കുഴച്ച് ആ കുഴിയിലിട്, എന്നിട്ട് എന്നെ വിവരം അറിയിക്കു." ഇതും പറഞ്ഞ്‌ തോമ്മാച്ചേട്ടന്‍ പോയി. കുഞ്ഞേട്ടന് കിട്ടിയ നിര്‍ദ്ദേശം, അപ്പാടെ നടപ്പാക്കി. അപ്പോഴേക്കും കുഴി അത്യാവശ്യം വലുതായി. വിവരമറിഞ്ഞ തോമ്മാച്ചേട്ടന്‍ അടുത്ത നടപടിയും നിര്‍ദ്ദേശിച്ചു. "ഒരു നെല്ലിക്കാ വലിപ്പത്തില്‍ ഉപ്പെടുത്ത്, ഒരു ചെറിയ തുണികഷ്ണത്തില്‍ കിഴി കെട്ടി, ഉപ്പും ചാരോം ഇടുന്ന കൂട്ടത്തില്‍ ഇട്ടു വെക്ക്. ഞാന്‍ നാളെ ഇങ്ങു വരാം." ഇതും പറഞ്ഞ്‌ തോമ്മാ ച്ചേട്ടന്‍ ഇറങ്ങി.

"ഇന്നലെത്തെ സാധനമെല്ലാം അവന്‍ തിന്നോ?" പിറ്റേ ദിവസം വന്നു കയറിയ പാടെ തോമ്മാച്ചേട്ടന്‍ ചോദിച്ചു. കുഞ്ഞേട്ടന്‍ സമ്മത ഭാവത്തില്‍ തലയാട്ടി. "എന്നാല്‍, അവനുള്ള മരുന്ന് ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്." ഇതും പറഞ്ഞ്‌, മടിയില്‍ നിന്ന് ഒരു പന്നിപ്പടക്കം എടുത്തു കുഞ്ഞേട്ടനെ കാണിച്ചു. ( പന്നിപ്പടക്കം എന്നു പറഞ്ഞാല്‍, കാട്ടു പന്നിയെ പിടിക്കാനായി ഉണ്ടാക്കുന്ന, ഭയങ്കര സ്ഫോടക ശേഷിയുള്ള ഒരു തരം പടക്കമാണ്. ഇത് പൊട്ടാന്‍ തീയുടെ ആവശ്യമില്ല, സമ്മര്‍ദ്ദം കൊണ്ടാണ് പൊട്ടുന്നത്). അത് കഴിഞ്ഞു രണ്ടുപേരും കൂടെ, തലേ ദിവസം ഉപ്പ്‌ കിഴി കെട്ടിയതുപോലെ, പടക്കത്തിനെ ഉപ്പ്‌ നനച്ച ഒരു തുണിക്കഷ്ണത്തില്‍ കിഴി കെട്ടി പഴയ കുഴിയില്‍ കൊണ്ടുപോയി ഇട്ടു. രാത്രിയാകുമ്പോള്‍ പടക്കം പൊട്ടുമെന്നും പറഞ്ഞ്‌ തോമ്മാച്ചേട്ടന്‍ പോയി.

രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു അത്യുഗ്രന്‍ സ്ഫോടനം നടന്നു. വെടിയോച്ചയോട് കൂടി, എന്തോ വലിയ ഭാരമുള്ള ഒരു സാധനം പിറകു വശത്തെ മുറ്റത്തേക്ക്‌ വീഴുന്ന ശബ്ദവും കുഞ്ഞേട്ടന്‍ കേട്ടു. കുഞ്ഞേട്ടനും ഭാര്യയും കൂടി ഒരു ടോര്‍ച്ചുമായി ചെന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു ക്വിന്റലിന് മേലെ തൂക്കമുള്ള ഒരു കൊമ്പന്‍ മലാന്‍ മുറ്റത്തു കിടന്നു ശ്വാസം വലിക്കുന്നു. മൂക്കും ചുണ്ടും എന്നു വേണ്ട, കണ്ണിന്റെ ഇപ്പുറം ഉള്ള ഭാഗങ്ങളെല്ലാം പടക്കത്തിന്റെ ആഘാതത്താല്‍ മുറിഞ്ഞു തെറിച്ചു പോയി. ദയനീയമായ കാഴ്ച. നേരം വെളുത്തിട്ടു ബാക്കി കാര്യം തീരുമാനിക്കാം എന്നും പറഞ്ഞ്‌, രണ്ടുപേരും വീട്ടില്‍ കിടന്നുറങ്ങി.

ഉറക്കം നഷ്ട്ടപ്പെട്ട് കിടന്ന അവര്‍ പിറ്റേ ദിവസത്തെ കാര്യ പാരിപാടികള്‍ ആസൂത്രണം ചെയ്തു. "തോമ്മാചേട്ടന് കുറച്ച് കൊടുക്കാതിരിക്കാന്‍ പറ്റില്ല. വേറെ ആരെയും അറിയിക്കേണ്ട. ബാക്കിയുള്ളത് നമുക്ക് ചേരേല്‍ ഇട്ട് ഉണക്കി വച്ചാല്‍, ആറു മാസം കുശാലായിട്ടു തിന്നാം." എന്തായാലും ചേടത്തിക്ക്, ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല. "എന്റെ ആങ്ങളമാര്‍ക്കു പകുതി കൊടുക്കണം. അവരു നമ്മളെ കൃഷിപ്പണിക്ക് ഒക്കെ സഹായിക്കുന്നോരല്ലേ? നന്ദി വേണ്ടേ മനുഷ്യാ?" ചേട ത്തിയുടെ ആവശ്യം ന്യായവും യുക്തവുമാണെന്നു കുഞ്ഞേട്ടനും സമ്മതിച്ചു.

പിറ്റേ ദിവസം അതിരാവിലെ കുഞ്ഞേട്ടന്‍, സ്വന്തമായിട്ടുണ്ടായിരുന്ന മലപ്പുറം കത്തിയും തേച്ചു മൂര്‍ച്ചകൂട്ടി, മലാന്റെ അടുത്തേക്ക് ചെന്നു. മലാന്റെ പിറകിലായി ഇരുന്നുകൊണ്ട്, തൊലി ഉരിക്കുന്നതിനായി പിന്കാലില്‍ പിടിച്ചു. അറിയാവുന്ന കുരിശും വരച്ചിട്ട്, മലാന്റെ കുളംബിന്റെ മുകള്‍ ഭാഗത്തായിട്ടു കത്തി വച്ച്‌ ഒരു വലി. കിടന്ന കിടപ്പില്‍ ഒരു തൊഴിയും കൊടുത്തിട്ടു മലാന്‍ അതിന്റെ പാട്ടിനു പോയി. കാര്യം മനസ്സിലാകാതെ മലര്‍ന്നടിച്ചു വീണ കുഞ്ഞേട്ടന് ഒരു കാര്യം ബോധ്യപ്പെട്ടു, മുന്‍ വശത്തെ നാല് പല്ലിരുന്ന സ്ഥലം ശൂന്യമാണ്, പോരെങ്കില്‍ തലക്കൊരു പെരുപ്പും. "ഇഞ്ചി കൃഷിയും നായാട്ടും, എല്ലാവര്ക്കും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, വീട്ടിലിരിക്കുന്ന പെണ്ണും പിള്ളക്ക് ഊമ്പാനും യോഗം വേണം". ആത്മഗതമെന്നോണം കുഞ്ഞേട്ടന്‍ പറഞ്ഞു. കുഞ്ഞേട്ടന്‍ വിവരം പറഞ്ഞില്ലെങ്കിലും, വെടിയൊച്ച ലക്ഷ്യമാക്കി വന്ന അയല്‍ക്കാര്‍ കണ്ടത് "അണ്ടി പോയ അണ്ണാനെ"പ്പോലെ ഇരിക്കുന്ന കുഞ്ഞേട്ടനെ യാണ്. "തനിക്കതിന്റെ കുതികാല്‍ വെട്ടിയിടാനുള്ള ബുദ്ധിപോലും ഇല്ലാതെ പോയല്ലോടോ" എന്ന് ഏതോ ഒരു വിവരദോഷി ചോദിച്ചതും, വായില്‍ക്കൂടി ഒഴുകിക്കൊണ്ടിരുന്ന ചോര സഹിതം, "ഫൂ" എന്നൊരു തുപ്പും തുപ്പിയിട്ട്, കുഞ്ഞേട്ടന്‍ അകത്തേക്ക് പോയി.

Wednesday, September 1, 2010

Bookmark and Share

ഉടുമ്പ്.


       ഉടുമ്പ് - ഞാനാദ്യമായിട്ട്‌ ആ വാക്ക് കേള്‍ക്കുന്നത്, മൂന്നാം ക്ലാസ്സിലെ ശാരദ ടീച്ചറുടെ നാവില്‍ നിന്നാണ്. മൂന്നാം ക്ലാസ്സിലും എമ്പോശിഷന്‍ എഴുത്ത് നടപ്പിലായിരുന്ന കാലഘട്ടം. പത്തമ്പത് പിള്ളേരെ ഈരണ്ടു റൌണ്ട് അടി കഴിഞ്ഞ് അവശയായ ടീച്ചറുടെ നിവൃത്തികേടില്‍, "നിന്നെയൊക്കെ ഉടുമ്പിനെ ചതക്കുന്നത് പോലെ ചതക്കണം."എന്ന് മാത്രമേ പറഞ്ഞുള്ളൂ. എത്രയൊക്കെ തലപുകഞ്ഞാലോചിച്ചിട്ടും, ഞങ്ങള്‍ കുട്ടികളുമായിട്ടോ, എമ്പോശിഷനുമായിട്ടോ, ഉടുമ്പിനുള്ള ഒരു ബന്ധവും മനസ്സിലായില്ല.

     അന്നുകാലത്തെ മൂന്നാം ക്ലാസ്സുകാരന്, ഓട്ടമുക്കാല്‍, ഓന്ത്, ഓലപ്പന്ത്‌, ഓടിപ്പിടുത്തം, ഒറ്റക്കാലില്‍ ചാട്ടം മുതലായ വാക്കുകളില്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതുമില്ല. "ഈ ഉടുമ്പെന്തു സാധനം?"എന്നറിയാനുള്ള ആകാംക്ഷയില്‍, അടുത്ത വീട്ടിലെ ജോര്‍ജുകുട്ടിയെ പോയിക്കണ്ടു. കണ്ടപ്പോളാണ്, വിവരദോഷത്തിന്റെ കാര്യത്തില്‍ നമ്മള്‍ മുന്നിലാണെന്ന് മനസ്സിലായത്‌.

           ജോര്‍ജുകുട്ടിയുടെ വീട്ടുകാര്‍ ഞങ്ങളെക്കാള്‍ മുന്‍പ് മലബാര്‍ കയറിയവരും, കാട്ടു ജന്തുക്കളുമായി കൂടുതല്‍ ഇടപഴകി യിട്ടുള്ളവരുമാണ്. മാത്രമല്ല ,അവന് എന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുമുണ്ട്.

      ഓന്തിനെപ്പോലെ ,നാല് കാലും, അന്തസ്സുള്ള ഒരു വാലും സ്വന്തമായിട്ടുള്ള ഒരു ഭീകര ജീവിയാണ് ഉടുമ്പ് എന്നും, തല്ലിക്കൊന്നാല് മൂന്നാല് വീട്ടുകാര്‍ക്ക് തിന്നാനുള്ള ഇറച്ചി കിട്ടുമെന്നും, ഒരാളോളം വലിപ്പമുണ്ടെന്നും അവന്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് തള്ളിപ്പോയി. ഉടുമ്പ് രണ്ടു തരമുണ്ട്. പൊന്നുടുമ്പും മണ്ണുടുമ്പും. ഉടുമ്പ് ഉണ്ടായത് കൊണ്ടാണ് ഉടുമ്പന്നൂരും ഉടുമ്പന്‍ ചോലയും ഉണ്ടായത്. ഉടുമ്പില്ലാരുന്നെങ്കില്‍ കള്ളന്മാര്‍ കഷ്ട്ടപ്പെട്ടേനെ കാരണം, ഉടുമ്പിന്റെ വാലില്‍ തൂങ്ങിയാണ് അവര്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറിയിരുന്നത്.ഇത്രയൊക്കെ അവന്‍ പറഞ്ഞിട്ടും, ഏതു വിരോധത്തിന്റെ പേരിലാണ് ഉടുമ്പിനെ ചതക്കുന്നത് എന്ന് മാത്രം പിടി കിട്ടിയില്ല. ഉടുമ്പിന്റെ തൊലി ഉരിക്കാന്‍ എളുപ്പത്തിനാണ് അതിനെ ചതക്കുന്നതെന്ന് പില്‍ക്കാലത്ത് മനസ്സിലായി.

     വര്‍ഷങ്ങള്‍ക്കു ശേഷം, ഞങ്ങളെല്ലാം കുരുവേട്ടന്‍ എന്ന് വിളിക്കുന്ന കുര്യന്‍ ചേട്ടന്‍, "നീ കാട്ടില്‍ പോരുന്നോ നായാട്ടിന്?" എന്ന് എന്നോട് ചോദിച്ചു. കാട് കണ്ടിട്ടുണ്ടെങ്കിലും, ഞാന്‍ അതുവരെ കാട്ടില്‍ പോയിട്ടില്ലായിരുന്നു. ഏതായാലും കിട്ടിയ അവസരം വെറുതെ കളയണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. പിറ്റേന്ന് വെളുപ്പിന് ഞാനും കുരുവേട്ടനും കൂടി, ഒരു നാടന്‍ തോക്കും അനുസാരികളുമായിട്ടു കാട്ടിലേക്ക് പുറപ്പെട്ടു. (വെടിമരുന്നിന് പുറമേ, അവില്‍ ശര്‍ക്കര മുതലായ സാധനങ്ങളും, ഒരു വെട്ടുകത്തിയുമാണ് അനുസാരികള്‍.).കുരുവേട്ടന്‍ തോക്കുമായിട്ടു മുന്‍പിലും, ഞാന്‍ ഭാണ്ടക്കെട്ടുമായിട്ടു പിന്നിലുമായി യാത്രആരംഭിച്ചു.

    "കാട്ടില്‍ കയറിയാല്‍ പിന്നെ, ശബ്ദമുണ്ടാക്കരുത്, പെരുവിരല്‍ കുത്തി നടന്നോണം, ഉച്ചത്തില്‍ ശ്വാസം വിടരുത്, ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ കാട്ടില്‍ കയറിയ വിവരം ഒരു കൊതുകുപോലും അറിയരുത്."കുരുവേട്ടന്‍ താക്കീത് തന്നു. ഏതായാലും,"ശ്വാസം വിടരുതെന്ന് "പറഞ്ഞില്ലല്ലോ. അത് തന്നെസമാധാനം. ഒന്നൊന്നര മണിക്കൂര്‍ കാട്ടില്‍ക്കൂടി നടന്നിട്ടും, അന്ത്യമടുത്ത ഒരു ജീവിയും ഞങ്ങളുടെ മുന്നില്‍ വന്നില്ല. ഒരു കാട്ടരുവിയില്‍ ചെന്നിരുന്നു ഞങ്ങള്‍ അവിലും ശര്‍ക്കരയും കൂടി തിന്നു, കുറച്ചു വെള്ളവും കുടിച്ചു. വീണ്ടും കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, കയ്യുയര്‍ത്തി കുര്വേട്ടന്‍ എനിക്ക് സിഗ്നല്‍ തന്നു. ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും ചെവി പൊത്താമെന്നു വിചാരിച്ചപ്പോഴേക്കും ഒരു ഭയങ്കര വെടി പൊട്ടി. അല്‍പ്പ സമയത്തിനുള്ളില്‍ ഒരു മുയലിനെയും തൂക്കിപ്പിടിച്ച് കുരുവേട്ടന്‍ അടുത്തെത്തി. മുയലിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച്, ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു.
       മണിക്കൂറുകള്‍ നടന്നു കഴിഞ്ഞ്, ഞാന്‍ ക്ഷീണിതനാണ് എന്ന് പറഞ്ഞപ്പോള്‍, മടക്കയാത്ര ആരംഭിച്ചു. മടക്ക യാത്രയില്‍, രാവിലത്തെ പോലെയുള്ള ശ്രദ്ധയൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് ഒരു ജീവി ഓടി. "ഉടുമ്പ്" കുരുവേട്ടന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. ഞങ്ങള്‍ അതിനെ പിന്തുടര്‍ന്ന് ചെന്നപ്പോള്‍ അതൊരു വലിയ മരത്തിലേക്ക് വലിഞ്ഞു കയറി. വീണ്ടും തോക്ക് ഗര്‍ജ്ജിച്ചു. ഉടുമ്പ് മൂക്കും കുത്തി താഴെ. ഞാനെടുത്തു നോക്കി. കഷ്ട്ടിച്ചു രണ്ടു കിലോ കാണും. മുഴുത്ത ഒരുഓന്തിനെപ്പോലെ.
      ഉച്ചയോടു കൂടി ഞങ്ങള്‍ മടങ്ങിയെത്തി. വീടിനടുത്തെത്താനായപ്പോള്‍, ഉടുമ്പിനെ എനിക്ക് തന്നിട്ട് മുയലിനെയുമായി കുരുവേട്ടന്‍ പിരിഞ്ഞു. ഞാന്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് മുറ്റത്ത്‌ കിടന്ന ഒരു മരത്തടിയില്‍ വച്ചു. വീട്ടിലെല്ലാവരും വന്ന് ഉടുമ്പിന്റെ ഭംഗി ആസ്വദിച്ചു. ഞാന്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുപോഴാണ്, പുറത്തു പോയിരുന്ന എന്റെ നേരെ ഇളയ അനുജന്‍ വന്നത്. "ചേട്ടാ, ഉടുമ്പിന്റെ നാവ് പച്ചക്ക് വിഴുങ്ങിയാല്‍,വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഞാനതെടുത്തോട്ടെ?" അവന്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വന്ന് എന്നോട് പറഞ്ഞു "ചേട്ടാ, ഉടുമ്പിന് നാവില്ല."

      ഇതെന്തൊരു കൂത്ത്? ഉടുമ്പിന് നാവില്ലെന്നോ?' ഞാന്‍ ആശ്ച്ചര്യപ്പെട്ടുകൊണ്ട് മുറ്റത്തേക്ക്‌ ഇറങ്ങിച്ചെന്നു. ഉടുമ്പിനെ തിരിച്ചും മറിച്ചും, വായ പൊളിച്ചും പരിശോധിച്ചു. നാവില്ലെന്നു മാത്രമാല്ല, ഉണ്ടായിരുന്നു എന്നുള്ളതിന് ഒരു അടയാളം പോലുമില്ലായിരുന്നു. അപ്പോള്‍, ഒന്‍പതു വയസ്സുകാരനായ എന്റെ ഏറ്റവും ഇളയ അനുജന്‍ വന്ന് കാര്യം തിരക്കി. സംഗതികള്‍ കേട്ടപ്പോള്‍ അവന്‍ പറഞ്ഞു"വല്യേട്ടന്‍ അനാവശ്യമായ കാര്യങ്ങളില്‍ഇടപെടരുത്. ഉടുമ്പിന് നാവില്ലതെയും ജനിക്കാം. കാക്ക മുട്ടയിടുകയും പ്രസവിക്കുകയും ചെയ്യും. ഇത്തരം നിസ്സാര കാര്യങ്ങള്‍ ആലോചിച്ചു തല പുണ്ണാക്കാതെ ചേട്ടന്മാര്‍ വേറെ പണി എന്തെങ്കിലും നോക്ക്."

    ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് സത്യാവസ്ഥ മനസ്സിലായത്‌. ഉടുമ്പിനെ ഞാന്‍ കൊണ്ടുവന്ന് വച്ച് അകത്തേക്ക് പോയ പിറകെ എന്റെ കുഞ്ഞനുജന്‍ വന്ന്, ആരും കാണാതെ അതിന്റെ നാവ് പിഴുതെടുത്ത്‌ വിഴുങ്ങി. അതാണ്‌ ഇഷ്ട്ടന്‍ ഇത്രയും പ്രകോപിതനായത്.