Monday, August 30, 2010

Bookmark and Share

ഗുരുജീ പ്രണാമം - ഗുരു വിചാരങ്ങള്‍.

മുപ്പത്തഞ്ചു വര്ഷം പിന്നിലേക്ക്‌ നടന്നപ്പോള്‍ കിട്ടിയ ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍, വലിയ വിദ്യാഭ്യാസ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായാല്‍ തന്നെ, സാക്ഷാത്കാരത്തിന് വേണ്ട സാമ്പത്തിക സ്രോതസ്സും ഇല്ലായിരുന്നു. കിട്ടാത്ത മുന്തിരി പുളിക്കും. കുറച്ചു കലാവാസനയുള്ളത് പോഷിപ്പിച്ചാല്‍, ചിത്രകല അദ്ധ്യാപകനായിട്ടു ജീവിതം പിഴച്ചു പോകാമെന്ന് കരുതി. അതിന്‍ പ്രകാരം, അന്ന് മഞ്ചേരിയില്‍ ഉണ്ടായിരുന്ന, നാഷണല്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അഡ്മിഷന്‍ തരപ്പെടുത്തി. പ്രതി മാസം മുപ്പതു രൂപ ഫീസ്‌.
മേല്‍പ്പറഞ്ഞ ചിത്രകലാ വിദ്യാലയത്തെക്കുറിച്ച് ഒരു സൂചന: മഞ്ചേരി പോസ്റ്റൊഫീസിനു സമീപത്തുള്ള ഒരു ചെറിയ, ഓടിട്ട രണ്ടു നില കെട്ടിടം. രണ്ടാമത്തെ നിലയില്‍ ആകെയുള്ളത് രണ്ടു മുറികളും വരാന്തയും. അദ്ധ്യാപകരായിട്ടും, പ്രധാനാദ്ധ്യാപകനായിട്ടും ഒരേ ഒരാള്‍. ഞാന്‍ അന്നും ഇന്നും, ബഹുമാനത്തോടെ മാത്രം സ്മരിക്കുന്ന എന്റെ അനന്തന്‍ മാസ്റ്റര്‍. അന്ന് മാസ്റ്റര്‍ക്ക് പ്രായം അറുപത്തിരണ്ട്, സ്വദേശം തലശേരി. മാസ്റ്ററുടെ താമസം സ്കൂളില്‍ത്തന്നെ. എന്റെ വീട് മഞ്ചേരിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയായതുകൊണ്ട്, താമസ സൗകര്യം എനിക്കും അത്യാവശ്യമായിരുന്നു. ആദ്യ ദിവസം തന്നെ,എന്നെ വിളിച്ച് " ഞ്ഞ് ഈടെ കൂടിക്കോ മോനെ, എനക്കും ഒരു കൂട്ടായല്ലോ"എന്നു പറഞ്ഞു.
ആകെ, മൂന്നോ നാലോ കുട്ടികളെ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെല്ലാം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെ ഉള്ള സമയത്താണ് ക്ലാസ്സിലുണ്ടാവുക. ഞാന്‍ ഗുരുകുല വിദ്യാഭ്യാസക്കാരന്‍ ആയതുകൊണ്ട്, സ്കൂളില്‍ തന്നെ. ആദ്യ ദിവസം വൈകുന്നേരം, ഞങ്ങള്‍ രണ്ടു പേരും കൂടി ഹോട്ടല്‍ ഭക്ഷണമൊക്കെ കഴിച്ച് സ്കൂളില്‍ വന്നു, കുറെ സമയം മാസ്റ്റര്‍ ഒരു എണ്ണച്ചായ ചിത്രത്തിന്റെ പണിയെടുത്തു, ഞാന്‍ അത്ഭുത മിഴിയോടെ നോക്കിയിരുന്നു. ഒന്‍പതു മണിയോടെ കിടക്കാനുള്ള സജ്ജീകരണങ്ങള്‍(?) ഒക്കെ ശരിയാക്കി. തറയില്‍ ഓരോ പായവിരിച്ച് കിടക്കാന്‍ നേരം അദ്ദേഹം "ഈശ്വരനെ വിളിച്ചിട്ട് കിടന്നോ മോനെ"എന്നു ഓര്‍മ്മിപ്പിച്ചു. ഞാന്‍ കിടന്നു. മാഷ്ടര്‍ പായയിലിരുന്നു " അച്ഛാ ,അമ്മെ, ഭഗവാനെ, കൃഷ്ണാ , ഗുരുവായൂരപ്പാ" എന്നിങ്ങനെ ജപിച്ചുകൊണ്ടേയിരുന്നു. വെളുപ്പിന് അഞ്ചുമണിക്ക് ഞാന്‍ ഉണര്‍ന്നപ്പോഴും, ധാര മുറിയാതെ ഇതേ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു " അച്ഛാ ,അമ്മെ, ഭഗവാനെ, കൃഷ്ണാ , ഗുരുവായൂരപ്പാ." ഗുരുജീ പ്രണാമം.
ഗുരു വിചാരങ്ങള്‍ തുടരും...

0 comments: